ബ്ലാസ്റ്റേഴ്സിന് വീണ്ടും പരാജയം. കേരള ബ്ലാസ്റ്റേഴ്സിനെ ഇഞ്ചുറി ടൈമിൽ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒരു ഗോളിന് മുന്നിൽ നിന്നിട്ടാണ് ഇഞ്ചുറി ടൈമിൽ കേരളം കലമുടച്ചത്. കളിയുടെ 92ആം മിനുട്ടിലും 94ആം മിനുട്ടിലും വഴങ്ങിയ ഗോളുകൾ ആണ് തോൽവിക്ക് കാരണം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നോർത്തീസ്റ്റിന്റെ വിജയം.
കേരള ബ്ലാസ്റ്റേഴ്സിനിന്നു അതിജീവനത്തിന്റെ മത്സരമായിരുന്നു. നിരവധി മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ താളം കണ്ടെത്താൻ കഷ്ടപ്പെട്ടു. എങ്കിലും ഗോളാക്കാനുള്ള അവസരങ്ങൾ കേരളത്തിന് ആദ്യ പകുതിയിൽ ലഭിച്ചു. തുടക്കത്തിൽ നോർത്ത് ഈസ്റ്റ് നിരവധി ആക്രമണങ്ങൾ നടത്തി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് മികച്ച് നിന്നതു കൊണ്ട് ഗോളൊന്നും വീഴാതെ രക്ഷപ്പെട്ടു.
73ആം മിനുട്ടിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്. സബ്ബായി എത്തിയ എം പി സക്കീർ എടുത്ത കോർണർ പൊപ്ലാനിക്ക് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. പൊപ്ലാനിക്കിന്റെ കേരളത്തിനായുള്ള രണ്ടാം ഗോൾ മാത്രമാണിത്. ഇഞ്ചുറി ടൈമിൽ ക്യാപ്റ്റൻ ജിങ്കൻറെ അനാവശ്യമായ ഫൗൾ പെനാൽറ്റി നൽകി. ഒഗ്ബചയ്ക്ക് പെനാൾട്ടി സ്പോട്ടിൽ നിന്ന് ലക്ഷ്യം പിഴച്ചില്ല.ഏറെ വൈകാതെ മാസ്കിയ തകർപ്പൻ ഷോട്ടിൽ ഹൈലാൻഡേഴ്സിന്റെ വിജയമുറപ്പിച്ചു.