ഇന്റർനാഷണൽ മത്സരങ്ങൾക്കുള്ള നീണ്ട ഇടവേള കഴിഞ്ഞുള്ള സൂപ്പർ പോരാട്ടത്തിൽ പൂനെ തങ്ങളുടെ സ്വന്തം ഗ്രൗണ്ടിൽ ലീഗിൽ തോൽവിയറിയാതെ കുതിക്കുന്ന ജാംഷഡ്‌പൂരിനെ നേരിടും. ലീഗിൽ ഇതുവരെ തോൽവിയറിയാതെയാണ് ജാംഷഡ്‌പൂർ എങ്കിൽ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ് പൂനെ സിറ്റി ഉള്ളത്.
പ്ലേ ഓഫിന് എന്തെങ്കിലും സാധ്യത പൂനെക്ക് വേണമെങ്കിൽ ഇന്ന് ജാംഷഡ്‌പൂരിനെതിരെ വിജയം കൂടിയേ തീരു. നേരത്തെ ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം പൂനെയുടെ കൂടെ ആയിരുന്നതും അവർക്ക് ആത്മവിശ്വാസം നൽകും. പരിശീലകൻ മാറിയിട്ടും ലീഗിൽ ഇതുവരെ ഒരു ജയം കണ്ടെത്താൻ പൂനെക്കായിട്ടില്ല. എ.ടി.കെയിലേക്ക് ലോണിൽ പോയ അൽഫാറോക്ക് പകരം മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇയാൻ ഹ്യൂമിനെ പൂനെ ടീമിൽ എത്തിച്ചിരുന്നു.
അതെ സമയം ലീഗിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലെങ്കിലും 2 ജയം മാത്രമാണ് ജാംഷഡ്‌പൂരിനു ഇതുവരെ നേടാനായത്. അത് കൊണ്ട് തന്നെ പ്ലേ ഓഫ് ഉറപ്പിക്കാൻ അവർക്ക് ഇന്ന് വിജയം അനിവാര്യമാണ്. തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച കാഹിൽ ഇന്ന് ജാംഷഡ്‌പൂർ നിരയിൽ ഉണ്ടാവില്ല.