കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടു തോൽവികളും മികച്ച ടീമുകളോട് ആയിരുന്നെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ഗോവക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. നേരത്തെ ബെംഗളുരുവിനോടും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവി താൻ കാര്യമായി എടുക്കുന്നില്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. മികച്ച ടീമിനെതിരെ കളിക്കുമ്പോൾ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയത് തിരിച്ചടിയായെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. ഗോവ താരം കോറോയാണ് ഐ.എസ്.എല്ലിലെ മികച്ച താരമെന്നും കോറോ നേടിയ രണ്ടു ഗോളുകളും മികച്ചതായിരുന്നെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ മത്സരത്തിൽ ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഒരു മത്സരത്തിൽ പോലും ജയമെന്തെന്നറിഞ്ഞിട്ടില്ല.