കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നാണം കെട്ട തോൽവി. വീണ്ടും തറവാട്ടിൽ തകർന്നടിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ്‌സി ഗോവ കൊച്ചിയിൽ മഞ്ഞപ്പടയുടെ മുന്നിൽ വെച്ച് ബ്ലാസ്‌റ്റേഴ്‌സിനെ തോല്പിച്ചത്. ഇരട്ട ഗോളുകളുമായി കൊറോ കളിയിലെ താരമായപ്പോൾ പകരക്കാരനായ മൻവീർ സിംഗ് മൂന്നാം ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോൾ നേടിയത് നികോളയാണ്.
ഹോം ഗ്രൗണ്ടിൽ ഒരു ജയം നേടാൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് തകർന്നടിയുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. അവസാന ആറു മത്സരങ്ങളിൽ ഒരു ജയം പോലും കേരള ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞില്ല. കളിയുടെ 11ആം മിനുട്ടിൽ തന്നെ എഫ് സി ഗോവ ലീഡ് എടുത്തിരുന്നു. ഗോവയുടെ സൂപ്പർ താരം കോറോ തന്നെ ആയിരുന്നു ഗോളുമായി എത്തിയത്. അഹ്മദ് ജാഹോ കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് കോറോ ആദ്യ ഗോൾ നേടി. ആദ്യ പകുതിക്ക് മത്സരം പിരിയുന്നതിനു മുൻപേ ബോക്സിന് പുറത്തു നിന്നുള്ള സ്ട്രൈക്കിലാണ് കോറോ രണ്ടാം ഗോൾ നേടിയത്.
ഇന്നത്തെ മത്സരഫലം ഡേവിഡ് ജയിംസിന്റെ ഭാവി നിർണയിക്കുന്നതായിരിക്കും. ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്സിന് ആകെ ഉള്ളത് ഏഴു പോയന്റ് മാത്രമാണ്. അവസാന സീസണിൽ ഏഴു മത്സരങ്ങളിൽ ഏഴു പോയന്റ് എന്ന ദയനീയ തുടക്കം ആയിരുന്നു റെനെ മുളൻസ്റ്റീനെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കാൻ കാരണം.