ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും പന്തുരുളും. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ഗോവ ഇന്ന് ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഡൽഹി ഡൈനാമോസിനെ നേരിടും. ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്നത്തെ മത്സരം.
ജാംഷഡ്പൂരിന്റെ കയ്യിൽ നിന്നേറ്റ ഞെട്ടിക്കുന്ന തോൽവിയിൽ നിന്ന് മോചനം തേടിയാണ് ഗോവ ഇറങ്ങുന്നത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജാംഷഡ്പൂർ ഗോവയെ തോൽപ്പിച്ചത്. അതെ സമയം ഡൽഹിക്ക് സീസണിൽ ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ജാംഷഡ്പൂരിനെതിരെ മികച്ച പ്രകടനം ഡൽഹി പുറത്തെടുത്തെങ്കിലും ടിരിയുടെ ഗോളിൽ ജാംഷഡ്പൂർ സമനില പിടിക്കുകയായിരുന്നു.
അഞ്ചു മത്സരങ്ങളിൽ നിന്ന് 15 ഗോൾ അടിച്ചുകൂട്ടിയ ഗോവയുടെ ആക്രമണം ഡൽഹി പ്രതിരോധം എങ്ങനെ തടയും എന്നതിനെ ആശ്രയിച്ചാവും ഇന്നത്തെമത്സരം ഫലം. 7 മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹിക്ക് നാല് സമനിലകളിൽ നിന്ന് നേടിയ 4 പോയിന്റ് മാത്രമാണ് ഉള്ളത്. അതെ സമയം അഞ്ചു മത്സരങ്ങളിൽ നിന്ന് 10 നേടിയ ഗോവ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
വിലക്ക് മാറി ലീഗിലെ ടോപ് സ്കോറർമാരിയിൽ ഒരാളായ ഫെറാൻ കൊറോമിനാസ് തിരിച്ചുവരുന്നത് ഗോവക്ക് ശാക്തി പകരും.