കഴിഞ്ഞ സീസണിൽ ബെംഗളൂരുവിൽ നിന്നേറ്റ ദയനീയ പരാജയത്തിന് കണക്ക് ചോദിയ്ക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടും. ആരാധകരുടെ സോഷ്യൽ മീഡിയ യുദ്ധം കൊണ്ട് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച മത്സരം എന്ന പ്രത്യകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇരു ടീമുകളും രണ്ടു തവണ മാത്രമാണ് പരസ്പരം ഇതുവരെ ഏറ്റുമുട്ടിയതെങ്കിലും ആരാധകർ തമ്മിലുള്ള പോരാട്ടം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച രണ്ട് ആരാധക കൂട്ടാഴ്മകളുടെ പോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം.
രണ്ടു തവണ പരസപരം ഏറ്റുമുട്ടിയപ്പോൾ അഞ്ചു ഗോളുകളാണ് ബെംഗളൂരു കേരള ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിൽ അടിച്ചു കൂട്ടിയത്. അതെ സമയം മറുപടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നേടിയതാവട്ടെ വെറും ഒരു ഗോൾ മാത്രമാണ്. സീസണിൽ ഇതുവരെ തോറ്റിട്ടില്ലെങ്കിലും ഒരു കളി മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. ബാക്കി നാല് മത്സരങ്ങൾ സമനിലയിലായിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനാവാതെ പോവുന്നതാണ് ഡേവിഡ് ജെയിംസ് നേരിടുന്ന വെല്ലുവിളി. പൂനെക്കെതിരെ 27 ഷോട്ടുകൾ പോസ്റ്റിലേക്ക് പായിച്ചിട്ടും ഒരു ഗോൾ മാത്രമാണ് കേരളത്തിന് നേടാനായത്.
ബെംഗളൂരു ആവട്ടെ കളിച്ച നാല് മത്സരങ്ങളിലും മൂന്നും ജയിക്കുകയും ചെയ്തിരുന്നു. ജാംഷഡ്‌പൂരിനോടുള്ള മത്സരം മാത്രമാണ് അവർ സമനിലയിൽ കുടുങ്ങിയത്. കഴിഞ്ഞ സീസണിൽ കേരളത്തിനെതിരെ മികച്ച ഫോമിലുണ്ടായിരുന്ന മികുവും സുനിൽ ഛേത്രിയും ഈ സീസണിലും മികച്ച ഫോമിലാണ്. ഇവരെ തടയാൻ സന്ദേശ് ജിങ്കൻ നേതൃത്വം നൽകുന്ന പ്രതിരോധ നിര വിയർപ്പൊഴുകേണ്ടിവരും.