എത്ര പ്രതിസന്ധിയുണ്ടെങ്കിലും കട്ടക്ക് സപ്പോർട്ട് നൽകുന്ന മഞ്ഞപ്പടയുടെ ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. അപ്രതീക്ഷിതമായ വിവാദങ്ങളിൽ പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് നട്ടം തിരിയുമ്പോളാണ് പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസ് വരുന്നത്. വിവാദങ്ങൾ വീണ്ടും കൊഴുത്തെങ്കിലും ഇതൊന്നും കാര്യമാക്കാതെ ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കാൻ ഡേവിഡ് ജെയിംസ് ശ്രമിച്ചു. ഇനിയെന്ത് വന്നാലും ഈ സീസണിൽ കപ്പടിക്കാൻ ഉറപ്പിച്ചാണ് ജെയിംസ് ആശാന്റെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. യുവനിരയെ ടീമിലെത്തിച്ച് ആശാൻ അതിനായുള്ള പണി തുടങ്ങി കഴിഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ ജെയിംസ് ആശാൻ നടപ്പിലാക്കിയ ടാക്റ്റിക്സിനെതീരെ വിമര്ശനം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. നേരത്തെ ഡേവിഡ് ജെയിംസിനെതിരെ കളിയാക്കികൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെർബെറ്റോവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. സ്‌ട്രൈക്കർമാരുടെ ചെസ്റ്റിലേക്ക് പന്ത് എത്തിച്ചു കൊടുക്കുന്ന തന്ത്രം മാത്രമാണ് ഡേവിഡ് ജെയിംസ് നടപ്പിൽ വരുത്തുന്നത് എന്ന് പറഞ്ഞായിരുന്നു അന്ന് ബെർബെറ്റോവ് ഡേവിഡ് ജെയിംസിനെ വിമർശിച്ചത്. ഏതായാലൂം അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയുടെ ശൈലിയിൽ മാറ്റം വരുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ.
വയസ്സന്മാരായ താരങ്ങളുടെ വൃദ്ധ സദനമെന്നു ബ്ലാസ്‌റ്റേഴ്‌സിനെ അധിക്ഷേപിച്ച ചില പ്രമുഖ ഫാൻസിനുള്ള മറുപടിയാണ് ഇത്തവണത്തെ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിംഗുകൾ. യുവാക്കൾക്ക് പ്രാധാന്യം നൽകിയാണ് വിദേശ സ്വദേശ താരങ്ങളുടെ സൈനിംഗുകൾ. സ്ലോവേനിയൻ സൂപ്പർ സ്‌ട്രൈക്കർ മറ്റെഹ് പൊപ്ലാനിക്ക്നെയും, ഫ്രഞ്ച് താരം സിറിലിനെയും സെർബിയൻ താരം സ്ലാവിയയെയും ബ്ലാസ്റ്റേഴ്സ് പുതുതായി ടീമിൽ എത്തിച്ചിരുന്നു. ഒപ്പം ലാകിച് പെസിച്, കിസിറ്റോ, പെകൂസൺ എന്നിവരുടെ കരാർ പുതുക്കുകയും ചെയ്തിരുന്നു.