ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച ഫോമിൽ കളിക്കുന്ന രണ്ടു ടീമുകൾ ഇന്ന് ഏറ്റുമുട്ടും. ഇതുവരെ തോൽവിയറിയാത്ത ജാംഷഡ്‌പൂരും എഫ്.സി ഗോവയുമാണ് ഇന്ന് ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ വെച്ച് ഏറ്റുമുട്ടുന്നത്. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ആക്രമണ നിരയുമായാണ് ഗോവ ഇറങ്ങുന്നത്. 14 ഗോളുകളാണ് വെറും 4 മത്സരത്തിൽ നിന്ന് ഗോവ അടിച്ചു കൂട്ടിയത്.
അതെ സമയം ലീഗിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടല്ലെങ്കിൽകൂടി ഒരു മത്സരം മാത്രമാണ് ജാംഷഡ്‌പൂർ ജയിച്ചത്. 4 മത്സരങ്ങൾ അവർ സമനിലയിൽ ആവുകയായിരുന്നു. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ചതിന് ശേഷം വേറെ ഒരു മത്സരവും ജയിക്കാൻ ജാംഷഡ്‌പൂരിനു ആയിട്ടില്ല.
കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിയെ 4-2ന് തോൽപ്പിച്ചാണ് ഗോവ ഇന്നിറങ്ങുന്നത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയാണ് ജാംഷഡ്‌പൂർ ഇറങ്ങുന്നത്. സ്വന്തം ഗ്രൗണ്ടിൽ ആദ്യ പകുതിയിൽ രണ്ടു ഗോളിന്റെ ലീഡ് നേടിയതിന് ശേഷമാണു രണ്ടാം പകുതിയിൽ 2 ഗോൾ വഴങ്ങി ജാംഷഡ്‌പൂർ സമനില വഴങ്ങിയത്. മത്സരത്തിൽ ജാംഷഡ്‌പൂർ സൂപ്പർ താരം ടിം കാഹിൽ ഗോൾ കണ്ടെത്തിയത് അവർക്ക് ആശ്വാസം നൽകും.
അതെ സമയം കഴിഞ്ഞ മത്സരത്തിൽ ചുവപ്പു കാർഡ് കണ്ട സ്‌ട്രൈക്കർ കോറോമിനാസിന്റെ സേവനം ഗോവക്ക് ഇന്ന് ഉണ്ടാവില്ല. ഗോവ അടിച്ച 14 ഗോളിൽ 10ലും സാന്നിദ്ധ്യം ഉണ്ടായിരുന്ന കോറോയുടെ അഭാവം ഗോവ എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്നു കാണാം.