ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അപാര തിരിച്ചുവരവിന് കളമൊരുക്കിയത് സഹൽ അബ്ദുൽ സമദ് എന്ന ബ്ലാസ്റ്റേഴ്സിന്റെ യുവതാരമാണ്. കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം ആദ്യ ഇലവനിൽ കളിച്ച താരം ജാംഷെദ്പുരിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം നേടിയിരുന്നില്ല. അതിന്റെ പ്രതിഫലനമെന്നോണം ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്.
സഹലിനു പകരക്കാരനായി ഇറങ്ങിയ വിദേശ താരം കിസിറ്റോക്ക് തിളങ്ങാൻ കഴിയുകയും ചെയ്തില്ല. ആദ്യ പകുതിയിൽ ജാംഷെദ്പുർ ഗോൾ പോസ്റ്റിലേക്ക് മികച്ച ഒരു ശ്രമം പോലും കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ സഹൽ വന്നതോടെ മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ വരുതിയിലായി.
കിസിറ്റോക്ക് പകരം രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ സഹൽ കേരളത്തിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതാണ് പിന്നീട് കണ്ടത്. പോപ്പ്ലറ്റ്നിക്കിന്റെ ഗോൾ ശ്രമവും സ്‌റ്റോഹനോവിച്ചിന്റെ പെനാൽറ്റിയിലേക്ക് നയിച്ച പാസ്സുകളും വന്നത് സഹലിന്റെ കാലിൽ നിന്നായിരുന്നു. സെയ്മിൻലെൻ ഡൗങ്ങൾ മത്സരത്തിൽ രണ്ടു അസിസ്റ്റുകൾ സ്വന്തമാക്കിയെങ്കിലും കേരളത്തിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത് സഹൽ ആയിരുന്നു. അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ സഹൽ കാണുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.