ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ജാംഷഡ്‌പൂർ ആണ് കേരളത്തിന്റെ എതിരാളികൾ. ജാംഷഡ്‌പൂരിന്റെ ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ വെച്ചാണ് മത്സരം. ഇരു ടീമുകളും ഇതുവരെ സീസണിൽ തോൽവിയറിഞ്ഞിട്ടില്ല എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
9 ദിവസത്തെ ഇടവേളക്ക് ശേഷമാണു കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിൽ എ.ടി.കെക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് തുടർന്ന് സ്വന്തം ഗ്രൗണ്ടിൽ നടന്ന രണ്ടു മത്സരങ്ങളിലും ജയിക്കാനായിരുന്നില്ല. രണ്ടു തവണയും ലീഡ് എടുത്ത ശേഷം അവസാന മിനിറ്റുകളിൽ സമനില വഴങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി.
ജാംഷഡ്‌പൂർ ആവട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ സമനില വഴങ്ങിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ മുംബൈയിൽ ജയിച്ച ജാംഷഡ്‌പൂരിനു തുടർന്നുള്ള മൂന്ന് മത്സരങ്ങളിൽ ജയിക്കാനായിരുന്നില്ല. സ്വന്തം കാണികൾക്ക് മുൻപിൽ ആദ്യ ജയവും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോൾ ജാംഷഡ്‌പൂർ ലക്‌ഷ്യം വെക്കും. അതെ സമയം ഇതുവരെ ഫോമിൽ എത്താതിരുന്ന ടിം കാഹിലിന്റെ ഫോം ജാംഷഡ്‌പൂരിന് തലവേദനയാണ്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഗ്രൗണ്ടിൽ വെച്ച് ജാംഷെഡ്‌പൂറിനോട് ഏറ്റുമുട്ടിയപ്പോൾ 2-1ന് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. അതെ സമയം എവേ ഗ്രൗണ്ടിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മികച്ച റെക്കോർഡാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. അഞ്ചു മത്സരങ്ങളിൽ ഒന്ന് മാത്രം തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നെണ്ണം ജയിക്കുകയും ചെയ്തിരുന്നു.
പ്രതിരോധ നിരയിൽ വിലക്ക് കഴിഞ്ഞു അനസ് തിരിച്ചു വരുമെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന് ഉറപ്പില്ല. ഗോൾ പോസ്റ്റിലും നവീൻ കുമാറിന് പകരം ധീരജ് സിങ് തിരിച്ചു വരുമോ എന്നതും ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്.