ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ നാലാമത്തെ പോരാട്ടത്തിൽ മുഖ്യ പരിശീലകനില്ലാത്ത പൂനെ സിറ്റി ഇന്ന് മികച്ച ഫോമിലുള്ള എഫ്.സി ഗോവയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ബെംഗളുരുവിനെതിരെ സ്വന്തം ഗ്രൗണ്ടിൽ തോറ്റതിനെ തുടർന്ന് പൂനെ പരിശീലകൻ മിഗ്വേൽ ഏഞ്ചലിനെ പുറത്താക്കിയിരുന്നു. മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബെംഗളൂരു എഫ് സി പൂനെ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.
അതെ സമയം മികച്ച ഫോമിലുള്ള ഗോവ കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഗോൾ വർഷം നടത്തിയാണ് പൂനെയെ നേരിടാനിറങ്ങുന്നത്. മാത്രവുമല്ല പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവ ഒരു മത്സരത്തിൽ പോലും ഇതുവരെ തോൽവിയറിഞ്ഞിട്ടുമില്ല. ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും ഗോവക്കാവും.
പൂനെയാവട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 1 പോയിന്റുമായി പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. പുറത്താക്കപ്പെട്ട മിഗ്വേൽ ഏഞ്ചലിന് പകരം സ്പോർട്ടിങ് ഡയറക്ടറായ പ്രദ്യും റെഡ്ഢിയാവും ഇന്ന് പൂനെയെ പരിശീലിപ്പിക്കുക.