ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം സീസണിൽ പ്ലേ ഓഫിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഒഡിഷ എഫ്സിയെ യാണ് പ്ലേ ഓഫിൽ കേരളാ ബ്ലാസ്റ്റേഴ്സ് നേരിടുക. ഏപ്രിൽ പത്തൊമ്പതിന് ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കളിക്കാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് സന്തോഷനിമിഷമാണ്. തുടർച്ചയായ സീസണുകളിൽ പ്രതീക്ഷകളറ്റ പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉയർച്ച ഇവാൻ വുകോമനോവിച്ചിന്റെ വരവോടുകൂടിയാണ്. നിരന്തരമായി പ്രധാന താരങ്ങൾക്കുൾപ്പെടെ പരിക്കേറ്റിട്ടും പ്ലേ ഓഫിൽ പ്രവേശിക്കാനായതിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തീർച്ചയായും അഭിമാനിക്കാനാകും.
ലീഗ് ഘട്ടത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്സ് അന്തരാഷ്ടമത്സരങ്ങളുടെ ഇടവേള ആരംഭിക്കുമ്പോൾ റാങ്കിങ്ങിൽ ഒന്നാമതായിരുന്നുവെങ്കിൽ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് മുപ്പതിമ്മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. മുപ്പതിമ്മൂന്നു പോയിന്റിൽ ലീഗ് രണ്ടാം പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് നേടിയത് വെറും ഏഴു പോയിന്റുകൾ മാത്രമാണ്. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്.