ഫെബ്രുവരി പതിനെട്ട് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പത്തൊൻപതാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിട്ടു. മത്സരത്തിൽ ഒന്നനെതിരെ രണ്ടു ഗോളുകൾക്ക് എടികെ വിജയം സ്വന്തമാക്കി. ഇത് എടികെ മോഹൻ ബഗാന്റെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള അഞ്ചാം ജയമാണ്.
മത്സരത്തിന് ശേഷം നടന്ന ഔദ്യോഗീക പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകമാനോവിച്ച് പങ്കെടുത്തു.
“ഞങ്ങൾ നന്നായി കളിച്ചു. ഞങ്ങൾ ശരിയായ രീതിയിൽ തന്നെയാണ് കളി നിയന്ത്രിച്ചത്. ഞങ്ങൾക്ക് കളിയിൽ നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് ഒരാളെ നഷ്ടപ്പെട്ടു, ഗോൾ വഴങ്ങി, കാര്യങ്ങൾ വ്യത്യസ്തമായി. ഞങ്ങൾ നന്നായി കളിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾക്കാവശ്യമുള്ളതെല്ലാം ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ എങ്ങനെ കളിക്കാനാഗ്രഹിച്ചോ അങ്ങനെ തന്നെ കളിക്കാൻ സാധിച്ചു.” വുകോമനോവിച്ച് പറഞ്ഞു.
“ഇത്തരം കളികൾ കളിക്കുമ്പോൾ അത് ചെറിയ വിശദാംശങ്ങളെ ആശ്രയിച്ചിരിക്കുന്നു. രണ്ടു മികച്ച ടീമുകൾ എറ്റു മുട്ടുമ്പോൾ എല്ലാം പ്രവചനാധീതമാണ്. രണ്ടു മികച്ച ടീമുകൾ, ഓർഗനൈസ്ഡ് ആയ, ഡിസിപ്ലിൻഡ് ആയ, കൃത്യമായി തയ്യാറെടുത്ത രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ, വ്യക്തിഗത പിഴവുകൾ പോലും വിധി നിർണയിക്കും. രണ്ടു മികച്ച ഒരേ നിലവാരത്തിലുള്ള ടീമുകൾ ബോളിനായി ഓരോ നിമിഷവും ഏറ്റുമുട്ടുമ്പോൾ എളുപ്പത്തിൽ ഗോൾ നേടാനാകില്ല. ചെറിയ കാര്യങ്ങൾ പോലും കളിയിൽ വിത്യാസം കൊണ്ടുവരും. ഇന്നും അതാണ് സംഭവിച്ചത്.”
“ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ഏറ്റവും മികച്ച നിലയിലാണ് ഞങ്ങൾ പ്ലേ ഓഫിനായി തയ്യാറെടുക്കുന്നത്. ഇതുതന്നെയാണ് അവസാന സീസണിലും സംഭവിച്ചത്. ഞങ്ങൾ പ്ലേ ഓഫിൽ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഈ വർഷവും അതിന് സമാനമാണ്. ഞങ്ങൾക്ക് തയ്യാറെടുപ്പുകൾക്കും മറ്റു കാര്യങ്ങൾ ചെയ്യാനുമായി ഞങ്ങളുടെ വഴികളുണ്ട്. തീർച്ചയായും സാധിക്കുന്ന പരമാവധി ഉയർന്ന നിലയിൽ സീസൺ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മികച്ച നിലയിൽ അവസാനിപ്പിക്കാനായി പോരാടുന്ന ധാരാളം ടീമുകളുണ്ട്. അതാണ് ഫുട്ബോൾ.” വുകോമനോവിച്ച് പറഞ്ഞു.
മത്സരവിജയത്തോടെ എടികെ പ്ലേ ഓഫിൽ ഇടം നേടുകയും റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കുയരുകയും ചെയ്തു. എടികെക്കും ബെംഗളുരുവിനുമൊപ്പം പോയിന്റ് നില തുല്യമെങ്കിലും റാങ്കിങ്ങിലെ മറ്റ് ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഫെബ്രുവരി ഇരുപത്തിയാറിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.