ചെന്നൈയിനെ മടക്കി, കേരള
ബ്ലാസ്‌റ്റേഴ്‌സ്‌ കുതിച്ചു

കൊച്ചി: അയൽക്കാരുടെ പോരിൽ ചെന്നൈയിൻ എഫ്‌സിയെ 2–1ന്‌ തകർത്ത്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എലിൽ കുതിച്ചു. 17 കളിയിൽ 31 പോയിന്റുമായി മൂന്നാംസ്ഥാനത്ത്‌ തുടർന്നു ബ്ലാസ്‌റ്റേഴ്‌സ്‌. കൊച്ചിയിൽ തുടർച്ചയായ ഏഴാം ജയമാണ്‌ സ്വന്തമാക്കിയത്‌. ചെന്നൈയിനെതിരെ പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ്‌. ഒരു ഗോളടിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌ത അഡ്രിയാൻ ലൂണയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയശിൽപ്പി. കെ പി രാഹുലാണ്‌ വിജയഗോൾ നേടിയത്‌. അബ്‌ദെനാസെർ എൽ ഖയാതിയാണ്‌ ചെന്നൈയിനായി ലക്ഷ്യം കണ്ടത്‌.

ഈസ്‌റ്റ്‌ ബംഗാളിനെതിരെ കളിച്ച ടീമിൽ മാറ്റങ്ങളുമായാണ്‌ കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ ചെന്നൈയിൻ എഫ്‌സിക്കെതിരെ ടീമിനെ ഇറക്കിയത്‌. ഗോൾവലയ്‌ക്ക്‌ മുന്നിൽ കരൺജിത്തിന്‌ പകരം പ്രഭ്‌സുഖൻ സിങ്‌ ഗിൽ എത്തി. പ്രതിരോധത്തിൽ ഹർമൻജോത്‌ കബ്രയ്‌ക്ക്‌ പകരം നിഷു കുമാറുമെത്തി. ഹോർമിപാം, ജെസെൽ കർണെയ്‌റോ, വിക്ടർ മോൻഗിൽ എന്നിവർ തുടർന്നു. മധ്യനിരയിൽ ബ്രൈസ്‌ മിറാൻഡയ്‌ക്ക്‌ പകരം സഹൽ അബ്‌ദുൾ സമദ്‌ ഇറങ്ങി. കെ പി രാഹുൽ, അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ്‌ എന്നിവർ തുടർന്നു. മുന്നേറ്റത്തിൽ അപോസ്‌തലോസ്‌ ജിയാനുവിന്‌ പകരം ഇവാൻ കലിയുഷ്‌നി വന്നു. ദിമിത്രിയോസ്‌ ഡയമന്റാകോസ്‌ തുടർന്നു.

ചെന്നെയിൻ എഫ്‌സിക്കായി സാമിക്‌ മിത്ര ഗോൾവല കാത്തു. ആകാശ്‌ സങ്‌വാൻ, വാഫ ഹഖമനേഷി, ഗുർമുഖ്‌ സിങ്‌ സിങ്‌, എഡ്വിൻ വാൻസ്‌പോൾ എന്നിവർ പ്രതിരോധത്തിൽ. നിന്തോയ്‌ങ്‌ഗാമ്പ മീത്തൽ, ജൂലിയസ്‌ ഡ്യൂക്കർ, അനിരുദ്ധ്‌ ഥാപ്പ, വിൻസി ബരെറ്റൊ, അബ്‌ദെനാസെർ എൽ ഖയാതി എന്നിവർ മധ്യനിരയിൽ. മുന്നേറ്റത്തിൽ പീറ്റർ സ്ലിസ്‌കോവിച്ചും.

കളി തുടങ്ങി രണ്ടാംമിനിറ്റിൽതന്നെ ചെന്നൈയിൻ ലീഡ്‌ നേടി. എൽ ഖയാതിയുടെ ഷോട്ട്‌ ഇടതു പോസ്‌റ്റിൽ തട്ടിത്തെറിച്ച്‌ വലയുടെ വലതുമൂലയിലേക്ക്‌ ഇറങ്ങിയപ്പോൾ ഗില്ലിന്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഗോൾ വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പതർച്ച കാട്ടിയില്ല. പതിനൊന്നാം മിനിറ്റിൽ ഡയമന്റാകോസ്‌ തൊടുത്ത ക്രോസിൽ രാഹുൽ അടിപായിച്ചെങ്കിലും പന്ത്‌ ബാറിന്‌ മുകളിലൂടെ പറന്നു. സഹലിന്റെ ക്രോസ്‌ മിത്ര കയ്യിലൊതുക്കി. ഇരുപതാം മിനിറ്റിൽ മനോഹരമായ നീക്കത്തിനൊടുവിൽ നിഷുകുമാർ തൊടുത്ത തകർപ്പൻ ഷോട്ട്‌ മിത്ര തട്ടിയിട്ടു. ഇരുപത്തേഴാം മിനിറ്റിൽ ഡയമന്റാകോസിന്റെ ഷോട്ടും പുറത്തുപോയി. 29-ാം മിനിറ്റിൽ ജെസെലിന്റെ കരുത്തുറ്റ ഷോട്ട്‌ മിത്ര കുത്തിയകറ്റുകയായിരുന്നു. ഡയമന്റാകോസിന്‌ പന്ത്‌ കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല.

നിരന്തരം ബ്ലാസ്‌റ്റേഴ്‌സ്‌ ആക്രമണം നടത്തി. ചെന്നെയിൻ പ്രതിരോധം തടഞ്ഞു. എന്നാൽ 37-ാം മിനിറ്റിൽ ലൂണയുടെ അതിമനോഹര ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ സമനില പിടിച്ചു. ലൂണ തന്നെയാണ്‌ നീക്കത്തിന്‌ തുടക്കമിട്ടത്‌. ഇടതുഭാഗത്ത്‌ കുതിച്ച ലൂണ ജെസെലിന്‌ പന്ത്‌ കൈമാറി. ജെസെൽ ബോക്‌സിലേക്ക്‌ അടിതൊടുത്തു. സഹൽ നിയന്ത്രിക്കുംമുമ്പ്‌ പ്രതിരോധം തട്ടിയകറ്റി. എന്നാൽ പന്ത്‌ വീണത്‌ ലൂണയുടെ കാലിൽ. തകർപ്പൻ ലോങ്‌ റേഞ്ചർ ചെന്നൈയിൻ വല തകർത്തു. ആദ്യപകുതിയുടെ അവസാന നിമിഷം ബരെറ്റൊയുടെ ഷോട്ട്‌ ഗിൽ ഒറ്റക്കൈ കൊണ്ട്‌ കുത്തിയകറ്റിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സ്‌ ആശ്വാസം കൊണ്ടു. തകർപ്പൻ നീക്കങ്ങളാൽ മിന്നിയ ആദ്യപകുതി അങ്ങനെ അവസാനിച്ചു.

ഇടവേളയ്‌ക്കുശേഷവും ബ്ലാസ്‌റ്റേഴ്‌സിന്റെ നയം വ്യക്തമായിരുന്നു. നിരന്തരം ചെന്നൈയിൻ ഗോൾമുഖം ആക്രമിച്ചു. 63-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ അതിമനോഹര നീക്കം. വലതുവശത്ത്‌ നിഷുവിൽനിന്നായിരുന്നു തുടക്കം. ലൂണയുടെ ക്രോസ്‌. രാഹുൽ ഒന്നാന്തരമായി കാൽവച്ചപ്പോൾ സ്‌റ്റേഡിയം ഇളകിമറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സിന്‌ ലീഡ്‌. ആ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ ഇരട്ടി വീര്യം കൈവന്നു. ചെന്നൈയിൻ പ്രതിരോധം ഇളകി. മറുവശത്ത്‌ എൽ ഖയാതിയുടെ ഷോട്ട്‌ ഗിൽ കുത്തിയകറ്റി. 71-ാംമിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആദ്യമാറ്റം വരുത്തി. സഹലിന്‌ പകരം ബ്രൈസ്‌ മിറാൻഡയെത്തി. 84-ാം മിനിറ്റിൽ ഗോളടിക്കാരൻ രാഹുലിന്‌പകരം സൗരവ്‌ മണ്ഡലുമെത്തി. ചെന്നെയിൻ തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. എന്നാൽ ഗില്ലും പ്രതിരോധവും ചെറുത്തുനിന്നു. പ്രത്യാക്രമണങ്ങളിൽ ചെന്നൈയിൻ ഗോൾമേഖല വിറപ്പിക്കുകയും ചെയ്‌തു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ ലൂണയെ പിൻവലിച്ചു. ഡാനിഷ്‌ ഫാറൂഖ്‌ ആണ്‌ പകരമെത്തിയത്‌.

അടുത്ത മത്സരത്തിൽ 11ന്‌ ബംഗളൂരു എഫ്‌സിയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികൾ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here