എ.ടി.കെക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ലൈൻ അപ്പ് കണ്ട കേരള ആരാധകർ ഒന്ന് ഞെട്ടിയിരിക്കണം. മധ്യ നിരയിൽ എല്ലാവരും വിദേശ താരം കറേജ് പെകുസണെ പ്രതീക്ഷിച്ചപ്പോൾ പകരം ഇടം പിടിച്ചത് മലയാളി താരം സഹൽ അബ്ദുൽ സമദ്. ഇത് കണ്ട് പലരുടെയും നെറ്റി ചുളിഞ്ഞതുമാണ്. എന്നാൽ ഡേവിഡ് ജയിംസിന്റെ വിശ്വാസം കാത്തുകൊണ്ടാണ് സഹൽ ആദ്യ പകുതിയിൽ മത്സരം പൂർത്തിയാക്കിയത്.
രണ്ടാം പകുതിയിൽ പെകുസൺ സഹലിനു പകരമായി ഇറങ്ങിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനം കവർന്നാണ് സഹൽ കളം വിട്ടത്. ആദ്യ മത്സരത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ രണ്ടാം മത്സരത്തിലും സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടാൻ ഈ കണ്ണൂർ സ്വദേശിക്കായി. കറേജ് പെകുസണെ പോലെയും സക്കീർ മുണ്ടംപാറയെ പോലെയുള്ള മികച്ച അനുഭവ സമ്പത്തുള്ള താരങ്ങളെ പുറത്തിരുത്തിയാണ് സഹൽ ടീമിൽ ഇടം പിടിച്ചത്.
കഴിഞ്ഞ സീസണിൽ മുഴുവൻ വെറും 22 മിനിറ്റ് മാത്രം ഐ.എസ്.എൽ കളിച്ച സഹൽ ഈ കൊല്ലം രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 116 മിനുട്ടും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു. കഴിഞ്ഞ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനവും സഹൽ കാഴ്ചവെച്ചിരുന്നു.
എന്നാൽ പ്രീ സീസണിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് സഹലിനു ടീമിൽ സ്ഥാനം നൽകിയതെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. കൊച്ചിയിൽ മുംബൈകെതിരായ മത്സരത്തിൽ സഹലിന്റെ പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനം കവർന്നിരുന്നു. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിൽ സഹൽ അബ്ദുൽ സമ്മദിന് മികച്ച ഭാവിയുടെന്നാണ് ആരാധകരുടെ പക്ഷം