ചെന്നൈയിനെ തളച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ചെന്നൈ, ഡിസംബർ 19: കരുത്തരായ ചെന്നൈയിൻ എഫ്‌സിയെ സമനിലയിൽ പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എലിൽ മുന്നോട്ട്‌. 1–1നാണ്‌ കളി അവസാനിച്ചത്‌. സഹൽ അബ്‌ദുൾ സമദിന്റെ തകർപ്പൻ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സാണ്‌ തുടക്കത്തിൽ മുന്നിലെത്തിയത്‌. വിൻസി ബരെറ്റൊയിലൂടെ രണ്ടാംപകുതിയിൽ ചെന്നൈയിൻ ഒരെണ്ണം തിരിച്ചടിച്ചു. 10 കളിയിൽ 19 പോയിന്റുമായി നാലാം സ്ഥാനത്തേക്ക്‌ കയറിയ ബ്ലാസ്‌റ്റേഴ്‌സ്‌ പ്ലേ ഓഫ്‌ സാധ്യത സജീവമാക്കി.

ബംഗളൂരുവിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ചെന്നെയിനെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍ എന്നിവര്‍. മധ്യനിരയില്‍ സഹലിനൊപ്പം അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്‌നി, ജീക്‌സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ കെപി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍.

ചെന്നൈയിനായി വിൻസി ബരെറ്റോ, കെ പ്രശാന്ത്‌, സ്ലിസ്‌കോവിച്ച്‌ എന്നിവർ മുന്നേറ്റത്തിൽ. എഡ്‌വിൻ സിഡ്‌നി വാൻസ്‌പോൾ, സൗരവ്‌ ദാസ്‌, ഡ്യൂക്കെർ, എന്നിവർ മധ്യനിരയിൽ ഇറങ്ങി. പ്രതിരോധത്തിൽ അജിത്‌ കുമാർ, ഡിയാനെ, വാഫ, ആകാശ്‌ സങ്‌വാൻ എന്നിവർ. ഗോൾ കീപ്പർ ദേബ്‌ജിത്‌ മജുംദാർ.

മുൻ മത്സരങ്ങളിലെപ്പൊലെ കളിയിൽ പൂർണ നിയന്ത്രണവുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ചെന്നൈയിനെതിരെയും പന്ത്‌ തട്ടിയത്‌. 23-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നിലെത്തി. മനോഹരമായ പ്രത്യാക്രമണം. കലിയുഷ്‌നി നേതൃത്വം നൽകി. മധ്യനിരയ്‌ക്ക്‌ തൊട്ടുമുന്നിൽ പന്തുമായി കുതിച്ച കലിയുഷ്‌നി ബോക്‌സിലേക്ക്‌ കുതിക്കുകയായിരുന്ന സഹലിനെ കണ്ടു. പന്ത്‌ പിടിച്ചെടുത്ത സഹൽ ഒന്നാന്തരം നീക്കവുമായി മുന്നേറി. പ്രതിരോധക്കാരെ വെട്ടിച്ച്‌ അടിതൊടുത്തു. പന്ത്‌ ദേബ്‌ജിതിനെയും മറികടന്ന്‌ വലയിൽ. 30-ാം മിനിറ്റിൽ ഡയമന്റാകോസ്‌–സഹൽ സഖ്യം നടത്തിയ മുന്നേറ്റം ചെന്നൈയിൻ പ്രതിരോധത്തെ വിറപ്പിച്ചു. മറുവശത്ത്‌ ചെന്നൈയിൻ നടത്തിയ ആക്രമണങ്ങളെ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം കൃത്യമായി ചെറുത്തു. ഒരു തവണ വിൻസി ബരെറ്റോ ബോക്‌സിൽ നടത്തിയ നീക്കത്തെ പ്രതിരോധം നിർവീര്യമാക്കി.

രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു ചെന്നൈയിനിന്റെ മറുപടി ഗോൾ. റഹീം അലിയുടെ കരുത്തുറ്റ ഷോട്ട്‌ ഗിൽ തടുത്തിട്ടെങ്കിലും പന്ത്‌ കിട്ടിയത്‌ ബരെറ്റോയുടെ കാലിൽ. ഇക്കുറി ഗില്ലിന്‌ തടയാനായില്ല. കളി 1–1. ബ്ലാസ്‌റ്റേഴ്‌സ്‌ വിട്ടുകൊടുക്കാതെ മുന്നേറി. ജീക്‌സണും സന്ദീപും നടത്തിയ നീക്കം ദേബ്‌ജിത്‌ തടഞ്ഞു. സഹലിന്റെ ഷോട്ട്‌ ക്രോസ്‌ ബാറിന്‌ മുകളിലൂടെ പറന്നു. പന്തിൽ ചെന്നൈയിനായിരുന്നു നിയന്ത്രണമെങ്കിലും നല്ല നീക്കങ്ങൾ കൊണ്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കളംപിടിക്കുകയായിരുന്നു. 71-ാം മിനിറ്റിൽ നിഷുകുമാറിന്‌ പകരം ജെസെൽ കർണെയ്‌റോ പ്രതിരോധത്തിലെത്തി. പിന്നാലെ കലിയുഷ്‌നിക്ക്‌ പകരം അപോസ്‌തലോസ്‌ ജിയാനുവുമെത്തി. സഹലിന്‌ പകരം സൗരവ്‌ മണ്ടലാണ്‌ കളത്തിൽ വന്നത്‌.

അവസാന നിമിഷങ്ങളിൽ ലൂണയുടെ നേതൃത്വത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആഞ്ഞടിച്ചു. പക്ഷേ, ചെന്നൈയിൻ പ്രതിരോധം പിടിച്ചുനിന്നു. ഹോർമിപാമിന്‌ പകരം ബിദ്യാസാഗർ സിങ്ങും ഡയമന്റാകോസിന്‌ പകരം വിക്ടർ മോൻഗിൽ എത്തിയിട്ടും വിജയഗോളിലെത്താൻ ബ്ലാസ്‌റ്റേഴ്‌സ്‌ കഴിഞ്ഞില്ല. 26ന്‌ ഒഡിഷ എഫ്‌സിയുമായാണ്‌ ബ്ലാസ്‌റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയാണ്‌ വേദി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here