കൊച്ചി, 2022 നവംബര്‍ 25: കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി താരങ്ങളും, ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് ഐമന്‍, മുഹമ്മദ് അസ്ഹര്‍ എന്നിവര്‍ മുന്‍നിര പോളിഷ് ക്ലബ്ബായ റാക്കോവ് ചെസ്റ്റോചോവയില്‍ മൂന്നാഴ്ച്ചത്തെ പരിശീലനം നടത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഓദ്യോഗികമായി സ്ഥിരികരിച്ചു. പോളിഷ് ടീമിനൊപ്പം പരിശീലനം നടത്തുന്ന ഇരുവര്‍ക്കും, അവിടെ സുപ്രധാന ഫുട്‌ബോള്‍ അനുഭവം നേടാനും, ഏറെ മികച്ചതും, ആഴത്തിലുള്ളതുമായ പരിശീലന അന്തരീക്ഷത്തില്‍ പങ്കെടുക്കാനും കഴിയും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍-15 ടീമിലൂടെയാണ് ഇരട്ട സഹോദരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഫുട്‌ബോള്‍ കരിയര്‍ തുടങ്ങിയത്. ഐഎസ്എല്‍ 2022/23 സീസണിന് മുന്നോടിയായുള്ള മുന്നൊരുക്ക മത്സരങ്ങള്‍ക്കിടെ അക്കാദമി ടീമുകളിലൂടെയുള്ള സ്ഥിരതയാര്‍ന്ന പ്രകടനം, ഇരുവര്‍ക്കും സീനിയര്‍ ടീമില്‍ ഇടം നല്‍കി. കേരള പ്രീമിയര്‍ ലീഗ്, ഡ്യൂറന്‍ഡ് കപ്പ്, നെക്സ്റ്റ് ജെന്‍ കപ്പ് എന്നിവയില്‍ ഇരുവരും കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നിലവില്‍ പോളിഷ് ഫുട്‌ബോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള റാക്കോവ് ചെസ്റ്റോചോവ, അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കുള്ള പോരാട്ടത്തിലും മുന്നിലുണ്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കേരള പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ഐമനും അസ്ഹറും ഡിസംബര്‍ പകുതിയോടെ പരിശീലനത്തിനായി പോളണ്ടിലേക്ക് തിരിക്കും. യുവതാരങ്ങളുടെ വികാസത്തിനും, അക്കാദമി വളര്‍ച്ചയ്ക്കുമുള്ള കെബിഎഫ്‌സിയുടെ പ്രതിബദ്ധതയുടെ ഭാഗമായുള്ള, അനേകം കളിക്കാരുടെ കൈമാറ്റങ്ങളില്‍ ആദ്യത്തേതാണിതെന്ന് ക്ലബ്ബ്് അറിയിച്ചു. വിദേശ പരിശീലനത്തന് തിരഞ്ഞെടുക്കപ്പെട്ട ഐമനും അസ്ഹറിനും, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബിലെ മുഴുവന്‍ പേരും എല്ലാവിധ ആശംസകളും നേര്‍ന്നു.