ഹൈദരാബാദ് എഫ്‌സി 0 x കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 1
ഹൈദരാബാദ്: ഐഎസ്എല്‍ ഫുട്‌ബോളിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പില്‍ ചാമ്പ്യന്‍മാരായ ഹൈദരാബാദ് എഫ്‌സിയും വഴിമാറി. ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 18ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റാകോസാണ് വിജയഗോള്‍ കുറിച്ചത്. ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും തുടര്‍ച്ചയായ മൂന്നാം ജയമാണിത്. കഴിഞ്ഞ സീസണ്‍ ഫൈനലില്‍ ഹൈദരാബാദിനോടേറ്റ തോല്‍വിക്ക് മധുരപ്രതികാരവുമായി ബ്ലാസ്‌റ്റേഴ്‌സിന്. തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന്റെ സീസണിലെ ആദ്യ തോല്‍വി കൂടിയാണിത്. ജയത്തോടെ ഏഴ് കളിയില്‍ നാല് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു ബ്ലാസ്‌റ്റേഴ്‌സ്. മത്സരത്തിന് മുമ്പ് ഏഴാം പടിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
ഗോവയ്‌ക്കെതിരായ വിജയടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് എത്തിയത്. പ്രതിരോധത്തില്‍ സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, നിഷു കുമാര്‍ എന്നിവര്‍. മധ്യനിരയില്‍ സഹലിനൊപ്പം അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്‌നി, ജീക്‌സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ കെപി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്‌സുഖന്‍ സിങ് ഗില്‍. ബര്‍തലോമേവ് ഓഗ്ബച്ചെയാണ് ഹൈദരാബാദ് മുന്നേറ്റത്തെ നയിച്ചത്. മധ്യനിരയില്‍ ജോയോ വിക്ടര്‍, സഹില്‍ ടവോറ, മുഹമ്മദ് യാസിര്‍, ജോയല്‍ ചിയാന്‍സെ ഹാളിചരണ്‍ നര്‍സാരി. പ്രതിരോധത്തില്‍ നിഖില്‍ പൂജാരി, ഒഡേയ് ഒനായിന്‍ഡിയ, ചിഗ്ലെന്‍സന സിങ്, ആകാശ് മിശ്ര എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ അനൂജ് കുമാര്‍.
തുടക്കം ഹൈദാരാബാദിന്റെ ആക്രമണമായിരുന്നു. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ചെറുത്തു. പിന്നാലെ കളിയില്‍ നിയന്ത്രണം നേടുകയും ചെയ്തു. കലിയുഷ്‌നിയുടെ നീക്കത്തില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ എത്തിയത്. 18ാം മിനിറ്റില്‍ കലിയുഷ്‌നിയില്‍നിന്ന് ലൂണയിലേക്ക് പന്തെത്തി. ബോക്‌സിനുള്ളിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ പന്തയച്ചു. ആദ്യം നിഷുകുമാര്‍ ശ്രമിച്ചെങ്കിലും ഹൈദാരാബാദ് ഗോളി പന്ത്തട്ടി മാറ്റി. എത്തിയത് ഡയമന്റാകോസിന്റെ കാലില്‍. ഉന്നംതെറ്റിയില്ല ഗ്രീക്കുകാരന്. ലീഡെടുത്തതിന് പിന്നാലെയും ബ്ലാസ്‌റ്റേഴ്‌സ് ആര്‍ത്തിരമ്പി. രാഹുലിന്റെ ഒറ്റയാന്‍ മുന്നേറ്റം പക്ഷേ ഗോള്‍കീപ്പറുടെ കൈയില്‍ ഒതുങ്ങി. 22ാം മിനിറ്റില്‍ ഹൈദരാബാദിന്റെ പ്രത്യാക്രമണമുണ്ടായി. ഓഗ്ബച്ചെയുടെ കനത്ത ഷോട്ട് പ്രഭ്‌സുഖന്‍ രക്ഷപ്പെടുത്തി. ഇതിനിടെ പരിക്കേറ്റ ഡയമന്റാകോസ് കളംവിട്ടു. അപോസ്തലോസ് ജിയാനുവാണ് പകരക്കാരനായി എത്തിയത്. 37ാം മിനിറ്റില്‍ സഹലിന് നല്ല അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് വല ലക്ഷ്യമാക്കി ഒറ്റ ഷോട്ട് പോലും ഹൈദാരാബാദിന് തൊടുക്കാനായില്ല.
രണ്ടാംപകുതിയില്‍ ഹൈദാരാബാദ് ആക്രമണം കടുപ്പിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പിടികൊടുത്തില്ല. സമ്മര്‍ദമില്ലാതെ മഞ്ഞപ്പട കളിയില്‍ നിറഞ്ഞു. 52ാം മിനിറ്റില്‍ രാഹുലിന്റെ മികച്ച ക്രോസ് ബോക്‌സിലുള്ള ജിയാനുവിന് കിട്ടി. പക്ഷേ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റക്കാരന്റെ ഷോട്ട് ഗോളി തടഞ്ഞു. അഞ്ച് മിനിറ്റിന് പിന്നാലെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. ഇത്തവണയും പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. 66ാം മിനിറ്റില്‍ രാഹുലിന്റെ ഉഗ്രന്‍ ഷോട്ടും എതിര്‍ഗോളി രക്ഷപ്പെടുത്തി. 73ാം മിനിറ്റില്‍ സഹലിന് പകരം സൗരവ് മണ്ഡാല്‍ എത്തി. ഒപ്പമെത്താന്‍ ഹൈദാരാബാദ് കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തളര്‍ന്നില്ല. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ മഞ്ഞപ്പട ഹൈദരാബാദില്‍ ജയം ആഘോഷിച്ചു. ഡിസംബര്‍ നാലിന് ജംഷഡ്പുര്‍ എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.