ബഗാന് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് വീണു

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2 എടികെ മോഹന്‍ബഗാന്‍ 5

കൊച്ചി: ഇവാന്‍ കല്യൂഷ്‌നിയിലൂടെ മുന്നിലെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 2-5ന് എടികെ മോഹന്‍ബഗാന്‍ തോല്‍പിച്ചു. സീസണിലെ ആദ്യ തോല്‍വി. ആറാം മിനുറ്റില്‍ കല്യൂഷ്‌നിയിലൂടെ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 81ാം മിനുറ്റില്‍ രാഹുല്‍ കെ.പി ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോര്‍ ഉയര്‍ത്തി. പെട്രോടോസിന്റെ ഹാട്രിക്കും (26,62,90), 38ാം മിനുറ്റില്‍ കൗകോയും, 88ാം മിനുറ്റില്‍ ലെന്നി റോഡ്രിഗസും നേടിയ ഗോളുകളാണ് എടികെ മോഹന്‍ ബഗാന്റെ വിജയത്തിന് വഴിയൊരുക്കിയത്. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തേക്ക് മാറി. 23ന് ഭുവനേശ്വറില്‍ ഒഡീഷ എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം മത്സരം.

അവസാന മത്സരത്തില്‍നിന്ന് ഒരു മാറ്റവുമായാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സിനെ ഇറക്കിയത്. മുന്നേറ്റക്കാരന്‍ അപോസ്തലോസ് ജിയാനുവിന് പകരം മധ്യനിരക്കാരന്‍ ഇവാന്‍ കലിയുഷ്നിയെ കൊണ്ടുവന്നു. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുള്‍ സമദ്, പുയ്ട്ടിയ, ജീക്സണ്‍ സിങ് എന്നിവര്‍ തുടര്‍ന്നു. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസ് മാത്രം. പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്റോ, മാര്‍കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം, ഹര്‍മന്‍ജോത് കബ്ര എന്നിവര്‍. വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. എടികെ മോഹന്‍ ബഗാന്റെ മുന്നേറ്റത്തില്‍ ലിസ്റ്റണ്‍ കൊളാസോ, മന്‍വീര്‍ സിങ്, ദിമിത്രിയോസ് പെട്രാറ്റോസ് എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ കൗകോ, ആഷിഖ് കുരുണിയന്‍, ഹ്യൂഗോ ബൗമുസ്. പ്രതിരോധത്തില്‍ ബ്രണ്ടന്‍ ഹാമില്‍, പ്രീതം കോട്ടല്‍, ദീപക് ടാംഗ്രി, ആശിഷ് റായ്. ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്

ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് അവസരം കിട്ടി. കലിയുഷ്നി ബോക്സിലേക്ക് പന്ത് തള്ളി. സഹല്‍ കാല്‍കൊരുത്തു. പന്ത് നിയന്ത്രിച്ച് അടിതൊടുക്കാനുള്ള സഹലിന്റെ ശ്രമം വിജയിച്ചില്ല. പന്ത് ബഗാന്‍ പ്രതിരോധം കാലിലാക്കി. അടുത്ത നിമിഷം കലിയുഷ്നിയുടെ വലതുപാര്‍ശ്വത്തിലൂടെയുള്ള മുന്നേറ്റം. സെക്കന്‍ഡ് പോസ്റ്റിലേക്ക് ക്രോസ്. ബഗാന്‍ പ്രതിരോധം അടിച്ചൊഴിവക്കിയെങ്കിലും പുയ്ട്ടിയയുടെ കാലിലാണ് പന്ത് കിട്ടിയത്. പക്ഷേ, ഷോട്ട് പുറത്തുപോയി. ബ്ലാസ്റ്റേഴ്സ് കാത്തിരുന്നു നിമിഷം ആറാം മിനിറ്റില്‍ പിറന്നു. ഡയമന്റാകോസില്‍ നിന്നായിരുന്നു തുടക്കം. വലതുഭാഗത്ത് എടികെ ബഗാന്‍ പ്രതിരോധത്തിന്റെ ആലസ്യം മുതലെടുത്ത് ഡയമന്റാകോസ് പന്ത് തട്ടിയെടുത്തു. ഓടിയെത്തിയ സഹല്‍ പന്ത് പിടിച്ചെടുത്തു. കലിയുഷ്നിയെ ലക്ഷ്യമാക്കി സഹലിന്റെ കുറിയ ക്രോസ്. കലിയുഷ്നി എടികെ ബഗാന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ ഇടതുവശത്തേക്ക് പന്ത് തട്ടിയിട്ടു. തുടര്‍ന്നും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍. മധ്യനിരയില്‍നിന്ന് കലിയുഷ്നി നീക്കങ്ങള്‍ നെയ്തു. പുയ്ട്ടിയയും സഹലും അതില്‍ ചേര്‍ന്ന് ഗോള്‍മുഖത്തേക്ക് മുന്നേറി. ഇതിനിടെ സഹലിന്റെ ഒരു ഷോട്ട് നേരെ ഗോള്‍ കീപ്പറുടെ കൈയിലേക്കായി. മറുവശത്ത് ബ്ലാസ്റ്റേഴ്സ് പ്രതിരോധം സംഘടിതമായിരുന്നു. ഇതിനിടെ എടികെ ബഗാന്‍ മുന്നേറ്റക്കാരന്‍ കൊളാസോ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി.

കളിയുടെ 26ാം മിനിറ്റില്‍ എടികെ ബഗാന്‍ തിരിച്ചടിച്ചു. ഹ്യൂഗോ ബൗമുസിന്റെ സുന്ദരമായ നീക്കം. ഇടതുപാര്‍ശ്വത്തിലൂടെ മുന്നേറിയ ബൗമുസ് വലയ്ക്ക് തൊട്ടുമുന്നില്‍വച്ച് വലതുവശത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന പെട്രറ്റോസിന് പാസ് നല്‍കി. തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ബ്ലാസ്റ്റേഴ്സ് ഉടനടി പ്രത്യാക്രമണം നടത്തി. പുയ്ട്ടിയയുടെ മിന്നുന്ന ക്രോസ് തടയുന്നതിനിടെ എടികെ ബഗാന്‍ പ്രതിരോധക്കാരന്‍ ഹാമിലിന്റെ തലയില്‍ തട്ടി തെറിച്ചു. ക്രോസ് ബാറില്‍ മുട്ടി പന്ത് പുറത്തേക്ക്. അടുത്തത് ബോക്സിന് പുറത്തുനിന്ന് ജീക്സന്റെ ഷോട്ട്. അത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്സ് ആക്രമണം കടുപ്പിച്ചു. നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് കിട്ടിയെങ്കിലും എടികെ പ്രതിരോധത്തെ മറികടക്കാനായില്ല. 38ാം മിനിറ്റില്‍ എടികെ ബഗാന്‍ ലീഡ് നേടി. ഹ്യൂഗോ ബൗമുസും പെട്രറ്റോസും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിലായിരുന്നു ഗോള്‍. ബൗമുസിന്റെ പാസില്‍ പെട്രറ്റോസ് ലക്ഷ്യം കണ്ടു. ആദ്യപകുതി അവിടെ അവസാനിച്ചു.

രണ്ടാംപകുതിയില്‍ കടുത്ത ആക്രണമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. 60ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ അതിമനോഹര നീക്കം കണ്ടു. ഹര്‍മന്‍ജോത് ഖബ്ര വലതുവശത്ത് തൊടുത്ത ക്രോസ് ബോക്സിലേക്ക്. ഇതിനിടെ എടികെ ബഗാന്‍ പ്രതിരോധത്തില്‍ തട്ടി പന്ത് പോസ്റ്റില്‍ ഇടിച്ച് താഴെ വീണു. ഡയമന്റാകോസ് ബൈസിക്കിള്‍ കിക്കിന് ശ്രമിച്ചെങ്കിലും പന്ത് കാലില്‍ കുരുങ്ങിയില്ല. വിശാല്‍ കെയ്ത് പന്ത് പിടിച്ചെടുത്തു. പിന്നാലെ 62ാം മിനിറ്റില്‍ എടികെ ബഗാന്‍ പെട്രറ്റോസിന്റെ രണ്ടാംഗോളിലൂടെ ലീഡുയര്‍ത്തി. ബ്ലാസ്റ്റേഴ്സിനായി ഖബ്രയ്ക്ക് നിഷുകുമാറും സഹലിന് പകരം കെ പി രാഹുലും കലിയുഷ്നിക്ക് പകരം അപോസ്തലോസ് ജിയാനുവും കളത്തിലിറങ്ങി.

81ാം മിനിറ്റില്‍ രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാംഗോള്‍ നേടി. രാഹുലിന്റെ ഷോട്ട് വിശാലിന്റെ കൈയില്‍നിന്ന് ഊര്‍ന്നിറങ്ങുകയയിരുന്നു. എന്നാല്‍ അവസാന നിമിഷങ്ങളില്‍ രണ്ട് ഗോാള്‍ കൂടി നേടി എടികെ ബഗാന്‍ ജയം പൂര്‍ത്തിയാക്കി. പെട്രറ്റോസിന്റെ ഹാട്രിക്കിനൊപ്പം പകരക്കാരനായെത്തിയ ലെന്നി റോഡ്രിഗസിന്റെ ഗോളും കൂടി ചേര്‍ന്നപ്പോള്‍ 5-2ന്റെ ജയവുമായാണ് എടികെ ബഗാന്‍ തിരിച്ചുകയറിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here