സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗില്‍, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. വിവിധ പൊസിഷനുകളില്‍ വൈദഗ്ധ്യം തെളിയിച്ച താരവുമായുള്ള സൈനിങ്, ക്ലബ്ബ് മാനേജ്‌മെന്റ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ഹീറോ ഐഎസ്എല്‍ ടീമായ ഒഡീഷ എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്ന താരം 2023 വരെ ക്ലബ്ബില്‍ തുടരും.

29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു.

മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തന്നെ മടങ്ങി. കളത്തിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പങ്കിനും അംഗീകാരമായി, ഒഡീഷ എഫ്‌സിയില്‍ അദ്ദേഹം നായകന്റെ ആംബാന്‍ഡ് അണിഞ്ഞു. സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here