ഈ സീസണിലെ ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച ത്രില്ലർ കണ്ട മത്സരത്തിൽ ബെംഗളൂരു എഫ്.സിയെ സമനിലയിൽ പിടിച്ച് കെട്ടി ജാംഷഡ്‌പൂർ. അവസാന 10 മിനുട്ടിൽ മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ ബെംഗളൂരു എഫ് സിയെ ജാംഷഡ്‌പൂർ എഫ്.സി 2-2ന് സമനിലയിൽ പിടിക്കുകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ ലോകോത്തരം ഗോളിൽ ബെംഗളൂരു എഫ് സിയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. നിഷു കുമാറാണ് മികച്ചൊരു ഷോട്ടിലൂടെ ബെംഗളൂരു വല കുലുക്കിയത്. തുടർന്ന് മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ ജാംഷഡ്‌പൂർ മത്സരത്തിൽ സമനില പിടിച്ചത്.
ഗൗരവ് മുഖിയാണ് ജാംഷഡ്‌പൂരിന്റെ ഗോൾ നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ ഗൗരവ് മുഖി സ്വന്തമാക്കി. എന്നാൽ കീഴടങ്ങാൻ തയ്യാറാവാതെ ബെംഗളൂരു മത്സരം തീരാൻ 2 മിനിറ്റ് ശേഷിക്കെ സുനിൽ ഛേത്രിയിലൂടെ ലീഡ് തിരിച്ചു പിടിച്ചു. തുടർന്ന് സുനിൽ ഛേത്രിയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ബെംഗളൂരുവിന് വിനയായി.
എന്നാൽ മത്സരം ഇഞ്ചുറി ടൈമിൽ എത്തിയിട്ടും കീഴടങ്ങാൻ തയ്യാറാവാത്ത ജാംഷഡ്‌പൂർ സെർജിയോ സിഡോഞ്ചയിലൂടെ സമനിലയും ജാംഷഡ്‌പൂരിനു വിലപ്പെട്ട ഒരു പോയിന്റും നൽകുകയായിരുന്നു.