ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ജെംഷദ്പൂരിനെതിരായ മത്സരത്തിൽ പെനാൽറ്റി വില്ലനായി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. രണ്ട് പെനാൽറ്റികളാണ് ജെംഷദ്പൂർ എഫ്സിക്ക് ഇന്ന് കിട്ടിയത്. കളിയിൽ ജെംഷദ്പൂർ എഫ്സിക്കായി സ്റ്റുവർട്ട് പെനാൽറ്റിയിൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ മൂന്നാം ഗോൾ ചീമയാണ് നേടിയത്. ഈ ജയത്തോട് കൂടി ഐഎസ്എല്ലിൽ രണ്ടാം സ്ഥാനത്ത് എത്താൻ ജെംഷദ്പൂർ എഫ്സിക്കായി.
ആദ്യ പകുതി കഴിഞ്ഞപ്പോൾ ഒരു ഗോളിനാണ് പിന്നിലായത്. പെനാൽറ്റിയിൽ നിന്നാണ് ഗോൾ പിറന്നത്. 44ആം മിനുട്ടിൽ ധനചന്ദ്രെ ഗ്രെഗ് സ്റ്റുവർട്ടിനെ വീഴ്ത്തിയപ്പോൾ ജംഷദ്പൂരിന് കിട്ടിയത് പെനാൾട്ടി. നിലത്ത് വീണ സ്റ്റുവർട്ട് ആ പെനാൾട്ടി ബ്ലാസ്റ്റേഴ്സ് വലയിലേക്ക് അടിച് കയറ്റി. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് ടാറ്റിക്സ് ഇന്ന് പിഴച്ചു എന്ന് വേണമെങ്കിൽ പറയാം. ഡിയാസ് എന്ന സൂപ്പർ താരത്തിന്റെ അഭാവം കളിക്കളത്തിൽ കാണാനുണ്ടായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും പെനാൽറ്റി ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. സ്റ്റുവർട്ട് പനേങ്കയിലൂടെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് പിറന്നതാണ് ചീമയുടെ സൂപ്പർ സ്ട്രൈക്ക്.