കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് റെഡ് കാർഡ്. ഡൂറണ്ട് കപ്പിലെ മാസ്മരികമായ റഫറിയിംഗിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെംഗളൂരു എഫ്സി പരാജയപ്പെടുത്തി. മൂന്ന് ചുവപ്പ് കാർഡുകൾ പുറത്തെടുത്ത് ബെംഗളൂരുവിനെ ജയിപ്പിച്ച് റഫറി നിറഞ്ഞാടിയപ്പോൾ തോൽവി ചെറിയ മാർജിനിൽ ആയല്ലോ എന്നാശ്വസിക്കാം. 8 താരങ്ങളുമായിട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിയവസാനിപ്പിച്ചത്.
ആദ്യ പകുതി അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിലായിരുന്നു. ബെംഗളൂരു എഫ്സിക്ക് വേണ്ടി ബൂട്ടിയയാണ് ഒരു ഫ്രീ കിക്കിൽ വെടിക്കെട്ട് ഗോളടിച്ചത്. അക്ഷദീപിനെ വീഴ്ത്തിയ വകയിൽ കിട്ടിയ ഫ്രീ കിക്ക് ബൂട്ടിയ ലക്ഷ്യത്തിലെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ലഭിച്ച സുവർണ്ണാവസരമാണ് ശ്രീക്കുട്ടൻ നഷ്ടമാക്കിയത്. അടുത്ത് ലൂണ ഫ്രീയായിരുന്നിട്ടും പന്ത് നൽകാൻ ശ്രീകുട്ടനായില്ല. എന്നാൽ വൈകാതെ തന്നെ ഫ്രീകിക്കിൽ നിന്നും ബെംഗളൂരു എഫ്സി തിരിച്ചടിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കളിമാറി. ആദ്യം ഹൊർമിപാമിനെ ചുവപ്പ് കാരണം ബ്ലാസ്റ്റേഴ്സ് നിരയിൽ ആദ്യം കളം വിടേണ്ടി വന്നു. വൈകാതെ തന്നെ പത്ത് പേരുമായി കളിച്ച ബ്ലാസ്റ്റേഴ്സ് മലയാളി താരമായ ലിയോണിന്റെ ഗോൾ വഴങ്ങേണ്ടി വന്നു. താരത്തിന്റെ കയ്യിൽ തട്ടി പന്ത് വലയിൽ കയറിയിട്ടും റഫറി കണ്ടില്ലെന്ന് നടിച്ചു. റഫറിയുടെ മോശം നടപടിയിൽ തർക്കിച്ചെന്ന് പറഞ്ഞ് സന്ദീപിനും കിട്ടി ചുവപ്പ്. പിന്നീട് ആർക്ക് ചുവപ്പ് കൊടുക്കണം എന്ന റഫറിയുടെ കാത്തിരിപ്പ് ധനചന്ദ്രയുടെ ചുവപ്പിൽ അവസാനിച്ചു. അടുത്ത കളി ജയിച്ചാൽ ക്വാർട്ടർ ഉറപ്പിക്കാൻ മഞ്ഞപ്പടക്കാവും.