കൊച്ചി, ഓഗസ്റ്റ് 30, 2021: സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വേസ് ഐഎസ്എൽ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. സ്പോർടിങ് ഗിഹോണിൽനിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2022 മെയ് 31വരെ ക്ലബ്ബിൽ തുടരും.
ബാഴ്സലോണയിൽ ജനിച്ച ഈ മുപ്പതുകാരൻ ഫുട്ബോൾ ജീവിതം തുടങ്ങുന്നത് ആർസിഡി എസ്പാന്യോളിലാണ്. 2005ൽ അവരുടെ യൂത്ത് അക്കാദമി താരമായിരുന്നു. നാല് വർഷത്തിനുശേഷം സീനിയർ തലത്തിൽ അരങ്ങേറി. ആ വർഷംതന്നെ എസ്പാന്യോളിനായി സ്പാനിഷ് ലീഗിലും അരങ്ങേറ്റം കുറിച്ചു. 2012ൽ ഗെറ്റഫെ സിഎഫിൽ ചേർന്നു. പിന്നീട് സ്വാൻസീ സിറ്റിയിൽ വായ്പാടിസ്ഥാനിലെത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അരങ്ങേറി. തുടർന്ന് ആദ്യ ക്ലബ്ബായ എസ്പാന്യോളിലേക്ക് തിരിച്ചെത്തി. നാല് വർഷത്തേക്കായിരുന്നു കരാർ. ഈ കാലയളവിൽ ജിംനാസ്റ്റിക് ഡി ടറഗോണ, റയൽ സരഗോസ എന്നീ ക്ലബ്ബുകൾക്കായി സെഗുണ്ട ഡിവിഷനിലും കളിച്ചു. 2019ൽ സ്പോർടിങ് ഗിഹോണുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിട്ടു.
2011ലെ ഫിഫ അണ്ടർ 20 ലോകകപ്പിൽ സ്പെയ്നിനായും കളിച്ചു. അഞ്ച് ഗോൾ ആ ലോകകപ്പിൽ നേടി. പ്രീമിയർ ലീഗിൽ 12ഉം സ്പാനിഷ് ലീഗിൽ 150ൽ കൂടുതലും മത്സരങ്ങളിൽ ഇറങ്ങി.
അൽവാരോയെപ്പോലുള്ള വമ്പൻ താരങ്ങൾ ഒപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. ‘അൽവാരോ ഞങ്ങളുടെ കുടുംബത്തിൽ ചേരുന്നത് ആവേശകരമാണ്. അദ്ദേഹത്തിന്റെ കളി മികവും ഊർജവും നായക ഗുണവും ടീമിന് ശക്തി പകരും– സ്കിൻകിസ് പറഞ്ഞു.
ഫുട്ബോൾ ജീവിതത്തിലെ പുതിയ ഘട്ടമാണ് ഇതെന്ന് അൽവാരോ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഫുട്ബോളിനെക്കുറിച്ചും ഇവിടുത്തെ സംസ്കാരത്തെക്കുറിച്ചും ഏറെ കേട്ടിട്ടുണ്ട്. ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. കളത്തിനകത്തും പുറത്തും ടീമിന് വേണ്ടി മികവുകാട്ടുമെന്നും അൽവാരോ കൂട്ടിച്ചേർത്തു.